Society Today
Breaking News

കൊച്ചി:  ഇന്ത്യയുമായുള്ള സാംസ്‌കാരിക, വിനോദ സഞ്ചാര ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മലേഷ്യന്‍ ടൂറിസം സംഘടിപ്പിച്ച ' റോഡ് ഷോ' (ടൂറിസം മേള ) കൊച്ചി ഹോട്ടല്‍ മാരിയോട്ടില്‍ സമാപിച്ചു.ഓഗസ്റ്റ് 14 ന് അമ്യതസറില്‍  ആരംഭിച്ച റോഡ്‌ഷോ  ലഖ്‌നൗ, നാഗ്പൂര്‍, പൂനെ, ഗോവ എന്നീ നഗരങ്ങള്‍ പിന്നിട്ട് വെള്ളിയാഴ്ച്ചയാണ്  കൊച്ചിയില്‍ എത്തിയത്. മലേഷ്യന്‍ ടൂറിസം, കലാ സാംസ്‌കാരിക വകുപ്പ് സഹ മന്ത്രി വൈ ബി തുവാന്‍ ഖൈറുല്‍ ഫിര്‍ദൗസ് അക്ബര്‍ ഖാനാണ്  റോഡ്‌ഷോ നയിച്ചത്.

ടൂറിസം ബോര്‍ഡുകള്‍,റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ട്രാവല്‍ ഏജന്റുമാര്‍, ടൂറിസം ഉല്‍പ്പന്ന ഉടമകള്‍, വിസ കണ്‍സള്‍ട്ടന്റുമാര്‍, മലേഷ്യ ആസ്ഥാനമായുള്ള എയര്‍ലൈന്‍സ്, പ്രതിനിധികള്‍ എന്നിവരടങ്ങുന്ന നാല്‍പ്പത്തിയഞ്ച്  സംഘടനകള്‍  പങ്കെടുത്തു.ടൂറിസം മലേഷ്യ ഈ വര്‍ഷം രാജ്യത്ത് നടത്തുന്ന  രണ്ടാം റോഡ്‌ഷോയാണിത്. 2023 ജനുവരി 30 മുതല്‍ ഫെബ്രുവരി 7 വരെ  ഇന്ത്യയിലെ അഞ്ച് പ്രധാന നഗരങ്ങളില്‍ ആദ്യ റോഡ്‌ഷോ നടത്തി.തുടര്‍ന്ന്  നോയ്ഡയില്‍ നടന്ന സൗത്ത് ഏഷ്യ ട്രാവല്‍ & ടൂറിസം എക്‌സ്‌ചേഞ്ച് (SATTE) 2023, ഉദയ്പൂരില്‍ നടന്ന ട്രാവല്‍ വെഡ്ഡിംഗ് ഷോ എന്നിവയില്‍ മലേഷ്യന്‍ ടൂറിസത്തിന്റെ സജീവ പങ്കാളിത്തമുണ്ടായി.

ഈ രണ്ടാം പരമ്പരയിലൂടെ രാജ്യത്തേക്ക്  ടൂറിസം രംഗം കൂടുതല്‍ സജീവമാക്കാന്‍  മലേഷ്യ ലക്ഷ്യമിടുന്നതായി ഫിര്‍ദൗസ് അക്ബര്‍ ഖാന്‍ പറഞ്ഞു.ബിസിനസ് മീറ്റ്, സെമിനാറുകള്‍, വിവാഹം, ഗോള്‍ഫിംഗ്, സിനിമാ ചിത്രീകരണം, ഷോപ്പിംഗ് എന്നിവയുമായി ബന്ധപ്പെട്ട ടൂറിസം പാക്കേജുകളുടെ പ്രചാരണം, നെറ്റ്‌വര്‍ക്കിംഗ് പ്രോഗ്രാമുകള്‍ ബിസിനസ്ടുബിസിനസ് (B2B) മീറ്റുകള്‍ എന്നിവയാണ്  റോഡ്‌ഷോയില്‍ ഉള്ളത്. 2026ലെ  വിസിറ്റ് മലേഷ്യ ഇയറിന്റെ പ്രചാരണ പരിപാടികളും നടന്നു.ഈ വര്‍ഷം മലേഷ്യ  16.1 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികളെയാണ് ലക്ഷ്യമിടുന്നത്. മലേഷ്യയിലേക്ക് വിനോദ സഞ്ചാരികളെത്തുന്ന മുന്‍നിര രാജ്യമാണ് ഇന്ത്യ.

 2022ല്‍ മലേഷ്യ മൊത്തം 324,548 ഇന്ത്യന്‍ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തു,  2023ന്റെ ആദ്യ പാദത്തില്‍ തന്നെ മലേഷ്യയില്‍ 164,566 ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് ലഭിച്ചത്. പോയ വര്‍ഷം ഇതേ കാലയളവില്‍ ഇത് 13,370 ആയിരുന്നു. വിശദ വിവരങ്ങള്‍ക്ക്:: www.tourism.gov.my.മലേഷ്യന്‍ എയര്‍ലൈന്‍സ്, ബാത്തിക് എയര്‍, എയര്‍ഏഷ്യ, ഇന്‍ഡിഗോ എന്നിവ വഴി ഇന്ത്യയ്ക്കും മലേഷ്യയ്ക്കുമിടയില്‍ പ്രതിവാരം 30,032 സീറ്റുകളുള്ള 158 ഫ് ളൈറ്റുകളാണുള്ളത്.ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക്  മലേഷ്യയുടെ eVISA മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നിവയ്ക്ക്
 https://malaysiavisa.imi.gov.my/evisa/evisa.jsp.വഴി അപേക്ഷിക്കാന്‍ സാധിക്കും. മലേഷ്യ ടൂറിസം പ്രൊമോഷന്‍ ബോര്‍ഡ് സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അമീറുള്‍ റിസാല്‍ അബ്ദുള്‍ റഹീമും ഡപ്യൂട്ടി ഡയറക്ടര്‍ ഷഹ്‌റിം ബിന്‍ ടാനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 


 

Top